Dheeroodatham Day 5
Dheeroodaatham - Day 5

When

August 10, 2024    
1:30 pm - 10:00 pm

Where

Event Type

കഥ : രാജസൂയം (വടക്കൻ)

രചന : ഇളയിടത്തു നമ്പൂതിരിപ്പാട്

മൂലകഥ : മഹാഭാരതം സഭാപർവ്വത്തിലെ രാജസൂയപർവ്വം

മഗധയിലെ രാജാവായിരുന്ന ബൃഹദ്രഥന് രണ്ടു ഭാര്യമാരുണ്ടായിരുന്നെങ്കിലും മക്കളുണ്ടായിരുന്നില്ല. ഒരിക്കൽ ചണ്ഡകൗശികൻ എന്ന മുനി സന്താനലബ്ധിക്കായി ഒരു മാമ്പഴം രാജാവിനു നൽകി. രാജാവ് ആ മാങ്ങ രണ്ടായി മുറിച്ച് രണ്ടു പത്നിമാർക്കും നൽകി. ഗർഭിണിമാരായ അവർ പ്രസവിച്ചത് ഒരു ശിശുവിന്റെ ഓരോ പകുതിയായിരുന്നു. ഭയന്ന അവർ ശിശുവിന്റെ ശരീരഭാഗങ്ങളെ കൊട്ടാരത്തിനു പുറത്ത് ഉപേക്ഷിച്ചു. ജര എന്ന രാക്ഷസി ഇത് കണ്ട് രണ്ടു ഭാഗങ്ങളേയും ചേർത്തുവച്ചു. അപ്പോൾത്തന്നെ ജീവനുണ്ടായി ശിശു കരഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് രാജാവും പത്നിമാരും ഓടിയെത്തി. ജര കുഞ്ഞിനെ രാജാവിനു നൽകി. രാജാവ് ജരയാൽ സന്ധിപ്പിക്കപ്പെട്ടവൻ എന്നർത്ഥം വരുന്ന ജരാസന്ധൻ എന്ന പേര് മകനു നൽകി.

അച്ഛനു ശേഷം രാജാവായ ജരാസന്ധൻ അതിശക്തിമാനും അതുപോലെ ക്രൂരനുമായിരുന്നു. ആയിരക്കണക്കിനു രാജാക്കന്മാരെ അദ്ദേഹം കീഴടക്കി തടങ്കലിൽ പാർപ്പിച്ചു.

അദ്ദേഹം തന്റെ മക്കളായ അസ്തി, പ്രാപ്തി എന്നിവരെ മഥുരയിലെ രാജാവായ കംസനു വിവാഹം ചെയ്തു കൊടുത്തു.

ശ്രീകൃഷ്ണൻ തന്റെ അമ്മാവനായ കംസനെ വധിച്ചു. തന്റെ മക്കളുടെ വൈധവ്യത്തിനു കാരണക്കാരനായ കൃഷ്ണനെ ജരാസന്ധൻ പതിനെട്ടു തവണ ആക്രമിച്ചു. ജരാസന്ധന്റെ നിരന്തരമായ ആക്രമണത്താൽ പൊറുതിമുട്ടി കൃഷ്ണൻ യാദവരെയും കൊണ്ട് ദ്വാരകയിലേക്കു പോയി അവിടെ വസിച്ചു.

അക്കാലത്താണ് കൗരവരാജാവായ ധൃതരാഷ്ട്രർ ഖാണ്ഡവപ്രസ്ഥം എന്ന വനം പാണ്ഡവർക്കു കൊടുത്തത്. പാണ്ഡവർ കൃഷ്ണന്റെ സഹായത്തോടെ ആ വനത്തെ സുന്ദരമായ ഒരു നഗരമാക്കി, ഇന്ദ്രപ്രസ്ഥം എന്ന പേരു നൽകി ഒരു രാജ്യം സ്ഥാപിച്ചു. രാജാവായ ധർമ്മപുത്രർ രാജസൂയം എന്ന യാഗം നടത്താൻ നിശ്ചയിച്ചു. മറ്റെല്ലാ രാജാക്കന്മാരെയും കീഴടക്കുന്നവർക്കേ രാജസൂയം നടത്താൻ അർഹതയുള്ളൂ. ഏറ്റവും പ്രധാനം അതിശക്തനായ മഗധരാജാവ് ജരാസന്ധനെ കീഴടക്കുക എന്നതാണ്. പാണ്ഡവരും കൃഷ്ണനും ചേർന്ന് അതിനായുള്ള വഴിയാലോചിച്ചു. ദ്വന്ദയുദ്ധത്തിൽ ഭീമൻ അദ്ദേഹത്തെ എതിരിടാൻ തീരുമാനമായി.

അങ്ങനെ കൃഷ്ണനും ഭീമനും അർജ്ജുനനും ബ്രാഹ്മണവേഷം ധരിച്ച് മഗധയിലെത്തി. കോട്ടമതിൽ ചാടിക്കടന്ന് അവിടെ സ്ഥാപിച്ചിരുന്ന കൂറ്റൻ പെരുമ്പറ അടിച്ചു തകർത്തു. അവർ രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു. അതിശക്തനെന്ന പോലെ ദാനശീലനുമാണ് ജരാസന്ധൻ. ബ്രാഹ്മണവേഷധാരികളുടെ ആവശ്യമെന്ത്? അദ്ദേഹം ആരാഞ്ഞു. എന്തു ചോദിച്ചാലും നൽകാമെന്ന് കൃഷ്ണൻ രാജാവിനെക്കൊണ്ട് സത്യം ചെയ്യിച്ചു. തുടർന്ന് സ്വന്തരൂപം ധരിച്ച് രാജാവിനോട് ദ്വന്ദയുദ്ധം ആവശ്യപ്പെട്ടു.

ജരാസന്ധൻ തന്റെ എതിരാളിയായി തിരഞ്ഞെടുത്തത് ഭീമനെ. അങ്ങനെ യുദ്ധമാരംഭിച്ചു. പോര് ദിനങ്ങളോളം നീണ്ടു. ഭീമൻ വളരെ പണിപ്പെട്ട് ജരാസന്ധനെ വീഴ്ത്തി കാലുകളിൽ പിടിച്ച് രണ്ടായി വലിച്ചുകീറി. എന്നാൽ വേർപെട്ട ശരീരഭാഗങ്ങൾ വീണ്ടും ഒന്നുചേർന്നു ജീവൻ വച്ചു. ഭീമൻ തളർന്നു എന്നു മനസ്സിലാക്കിയ കൃഷ്ണൻ ഒരു വെറ്റിലയെടുത്ത് നെടുകെ കീറി തിരിച്ചും മറിച്ചും ഇട്ടു കാട്ടിക്കൊടുത്തു. കാര്യം ഗ്രഹിച്ച ഭീമൻ ജരാസന്ധനെ അടിച്ചു വീഴ്ത്തി, കാലിൽ പിടിച്ചു വലിച്ചുകീറി ഒരു ഭാഗം മലർത്തിയും മറുഭാഗം കമിഴ്ത്തിയും രണ്ടു ഭാഗത്തേക്കെറിഞ്ഞു. വീണ്ടും ഒന്നുചേരാനാകാതെ ജരാസന്ധൻ മരണത്തിനു കീഴടങ്ങി.

കൃഷ്ണഭീമാർജ്ജുനന്മാർ ജരാസന്ധൻ തടവിലാക്കിയിരുന്ന രാജാക്കന്മാരെയെല്ലാം മോചിപ്പിച്ചു. ജരാസന്ധന്റെ മകനായ സഹദേവനെ മഗധയുടെ രാജാവായി വാഴിച്ചു. മോചിതരായ രാജാക്കന്മാരെക്കൊണ്ടും മഗധരാജാവായ സഹദേവനെക്കൊണ്ടും ധർമ്മപുത്രരുടെ അധീശത്തം അംഗീകരിപ്പിച്ച് അവർ ഇന്ദ്രപ്രസ്ഥത്തിലേക്കു മടങ്ങി.

ജരാസന്ധന്റെ സ്നേഹിതനായിരുന്നു ചേദിരാജാവായ ശിശുപാലൻ. കൃഷ്ണന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അദ്ദേഹം. ശിശുപാലന് ജനിച്ചപ്പോൾ മൂന്നു കണ്ണുകളും നാലു കൈകളുമുണ്ടായിരുന്നു. കുഞ്ഞിന്റെ വൈകൃതം കണ്ട് അമ്മ സങ്കടപ്പെട്ടു. അപ്പോൾ ഒരു ഭൂതം പ്രത്യക്ഷപ്പെട്ട്, ഈ കുഞ്ഞ് അതിശക്തനായ രാജാവാകുമെന്നും ഒരാൾക്കു മാത്രമേ അവനെ വധിക്കാൻ സാധിക്കൂ എന്നും അറിയിച്ചു. ഘാതകന്റെ മടിയിൽ കുഞ്ഞിനെ ഇരുത്തുന്ന നിമിഷം അവന്റെ വൈരൂപ്യം അപ്രത്യക്ഷമാകുമെന്നും ഭൂതം പറഞ്ഞു. പിതൃസഹോദരിയുടെ കുഞ്ഞിനെ കാണാനായി ശ്രീകൃഷ്ണനും ബലരാമനും ചേദിയിലെത്തി. അമ്മ ശിശുവിനെ കൃഷ്ണന്റെ മടിയിൽ വച്ചതും അവന്റെ വൈരൂപ്യമെല്ലാം മാറി. ശ്രീകൃഷ്ണന്റെ കൈയ്യാൽ മകനു മരണമുണ്ടാകുമെന്നു ഭയന്ന അമ്മ തന്റെ മകന്റെ നൂറു കുറ്റങ്ങൾ ക്ഷമിക്കാമെന്ന് കൃഷ്ണനെക്കൊണ്ട് സത്യം ചെയ്യിച്ചു.

വിദർഭരാജാവിന്റെ മകളായ രുക്‌മിണിയെ ശിശുപാലന് വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ടായിരുന്നു. എന്നാൽ കൃഷ്ണൻ രുക്മിണിയെ സ്വയംവരപ്പന്തലിൽ നിന്നും അപഹരിച്ച് വിവാഹം ചെയ്തു. അങ്ങനെ പല കാരണങ്ങൾ കൊണ്ടും ശിശുപാലൻ കൃഷ്ണന്റെ ശത്രുവായിത്തീർന്നു.

ജരാസന്ധന്റെ മരണവാർത്തയറിഞ്ഞ ശിശുപാലന്റെ കൃഷ്ണനോടുള്ള കോപം വീണ്ടും കൂടി. രാജസൂയത്തിനു ക്ഷണം ലഭിച്ച ശിശുപാലൻ സൈന്യവുമായി ഇന്ദ്രപ്രസ്ഥത്തിലെത്തി. യാഗത്തിൽ അഗ്രിമസ്ഥാനം നൽകി കൃഷ്ണനെ പൂജിക്കുന്ന കാഴ്ച്ച കണ്ടാണ് ശിശുപാലൻ യാഗവേദിയിലെത്തിയത്. ക്രുദ്ധനായ ശിശുപാലൻ അവിടെക്കൂടിയ എല്ലാവരെയും അപമാനിച്ചു സംസാരിച്ചു. തുടർന്ന് കൃഷ്ണനെ കണക്കറ്റു പരിഹസിച്ചു. ഒടുവിൽ കൃഷ്ണൻ സുദർശനചക്രത്തെ വരുത്തി ശിശുപാലന്റെ തലയറുത്തു.

തുടർന്ന് രാജസൂയയാഗം മംഗളകരമായി പൂർത്തിയാക്കി.

ഈ വിവരണത്തിൽ അധികവും കഥാപശ്ചാത്തലമാണ്. കഥകളിയിൽ രണ്ടു രംഗങ്ങൾ മാത്രമേയുള്ളൂ. ബ്രാഹ്മണവേഷധാരികൾ ജരാസന്ധനെ കാണുന്നതു മുതൽ ജരാസന്ധവധം വരെയുള്ള ഒന്നാം രംഗവും രാജസൂയവേദിയിലേക്കുള്ള ശിശുപാലന്റെ പ്രവേശം മുതൽ വധം വരെയുള്ള രണ്ടാം രംഗവും. ജരാസന്ധന്റെയും ശിശുപാലന്റെയും ആട്ടങ്ങളിലൂടെയാണ് പൂർവ്വകഥകൾ വിവരിക്കുന്നത്.

ഇതിൽ ജരാസന്ധന്റെ വേഷം ചുവന്ന താടിയാണ്. ക്രൂരകഥാപാത്രങ്ങളാണ് കഥകളിയിൽ ചുവന്നതാടിയായി രംഗത്തു വരുന്നത്. ഇതുവരെ നമ്മൾ കണ്ട രാവണൻ, ഭീമൻ, അർജ്ജുനൻ, ധർമ്മപുത്രർ എന്നീ വേഷങ്ങളിൽ നിന്നു വ്യത്യസ്തമായി ക്രൂരത കൈമുതലായ, എന്തും ചെയ്യാൻ മടിക്കാത്ത ഒരു ഉദ്ധതകഥാപാത്രമായാണ് ഈ അരങ്ങിൽ ശ്രീ. ബാലസുബ്രഹ്മണ്യൻ എത്തുന്നത്. മുറുകിയ മേളവും ചടുലമായ സംഗീതവും അട്ടഹാസവും അലർച്ചയുമൊക്കെയായി ആസ്വാദനത്തിന്റെ മറ്റൊരു തലം കാട്ടിത്തരുന്ന രംഗാവതരണമാണ് വരുന്ന പത്താം തീയതി ധീരോദാത്തം അഞ്ചാം ദിനത്തിൽ.

ശിശുപാലനായി വേഷമിടുന്നത് ശ്രീ കലാമണ്ഡലം സോമനാണ്. അധിക്ഷേപത്തിന്റെ പാരമ്യത്തിൽ ക്ഷമാമൂർത്തിയായ ഭഗവാനെ ക്രുദ്ധനാക്കി മരണം ഇരന്നു വാങ്ങുന്ന ഒരു കഥാപാത്രത്തെ മുറുകിയ മേളത്തിലും താളത്തിലും ആസ്വദിക്കാം.